ആലക്കോട്: ക്രൈസ്തവർക്ക് ഇനി പീഡാനുഭവ സ്മരണകളുടെ വിശുദ്ധ വാരം. ഈശോമിശിഹാ രാജകീയനായി ജെറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കി ആലക്കോട്ടും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ ചടങ്ങുകൾ നടന്നു.രാവിലെ തന്നെ വിവിധ പള്ളികളിൽ കുരുത്തോല മന്ത്രിക്കലും തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു. "ദാവീദിൻ സുതന് ഓശാന" എന്ന മന്ത്രധ്വനികളുമായി നൂറുകണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കുചേർന്നത്.
സെന്റ് മേരീസ് ഫോറോന പള്ളിൽ നടന്ന പ്രധാന തിരുക്കർമ്മങ്ങൾക്ക് വികാരി മുഖ്യകാർമ്മികത്വം വഹിച്ചു. പള്ളി അങ്കണത്തിൽ നടന്ന കുരുത്തോല ആശീർവാദത്തിന് ശേഷം ടൗൺ ചുറ്റിയുള്ള വലിയ പ്രദക്ഷിണം നടന്നു.
ഉദയഗിരി, കാർത്തികപുരം,കൂട്ടാപറമ്പ്, കരുവഞ്ചാൽ,വെള്ളാട്, വായാട്ടുപറമ്പ് ഈ മേഖലകളിലെ വിവിധ ഇടവകകളിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് ചടങ്ങുകൾ നടന്നത്. കൈകളിൽ കുരുത്തോലകളേന്തി മുതിർന്നവരും കുട്ടികളും ഒരുപോലെ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഓശാന ഞായറോടെ സഭ ഇനി വലിയ ആഴ്ചയിലേക്ക് (വിശുദ്ധ വാരം) പ്രവേശിച്ചു. വരും ദിവസങ്ങളിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും വ്യാഴാഴ്ച പെസഹാ വ്യാഴം, വെള്ളിയാഴ്ച ദുഃഖവെള്ളി ചടങ്ങുകളും നടക്കും. അടുത്ത ഞായറാഴ്ച ഈസ്റ്റർ ആഘോഷങ്ങളോടെ വലിയ ആഴ്ച സമാപിക്കും.
വിവിധ പള്ളികളിൽ നടന്ന കുരുത്തോല നേർച്ചയിലും തുടർന്നുള്ള വിശുദ്ധ കുർബാനയിലും നൂറുകണക്കിന് വിശ്വാസികളാണ് സംബന്ധിച്ചത്
Post a Comment