ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം: ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്



കണ്ണൂർ▾ സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദേശം.

താപനില ഉയരുന്നത് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരവുമായി ക്രമീകരിക്കണം.

ശരീരത്തില്‍ നിന്നും അമിത ജലനഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീടിന് ഉള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞി വെള്ളം, മോര്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.

വീടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കുക. അമിതമായ അളവിൽ മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക

Post a Comment

Previous Post Next Post