ഡല്‍ഹി: വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി. രാജ്യത്തെ ആദ്യത്തെ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ മരണത്തിന് കീഴടങ്ങി.
13 വർഷമായി കോമയില്‍ കഴിഞ്ഞിരുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ സൗകര്യങ്ങള്‍ ഓരോന്നായി കഴിഞ്ഞ ദിവസം മുതല്‍ അധികൃതർ നീക്കി തുടങ്ങിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സുപ്രീം കോടതി ഒരാള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കിയത്.അന്തസായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദയാവധത്തിന് അനുവദിച്ചത്. ഘട്ടം ഘട്ടമായാണ് ഹരീഷ് റാണയ്ക്ക് നല്‍കിയിരുന്ന മരുന്നും മറ്റ് വൈദ്യസഹായങ്ങളും ആശുപത്രി അധികൃതർ നീക്കം ചെയ്തത്. ഇതോടെ ഹരീഷ് റാണ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓക്‌സിജൻ, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കിയാണ് സ്വാഭാവികമായ അന്ത്യം ഉറപ്പാക്കിയത്.
2013-ല്‍ പഞ്ചാബ് സർവ്വകലാശാലയില്‍ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതല്‍ വൈദ്യസഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 2018-ല്‍ സുപ്രീം കോടതി ദയാവധത്തിന് നിയമസാധുത നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിലൂടെ ഈ അനുമതി ലഭിക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയത്.
ഹരീഷിൻ്റെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തില്‍, അന്തസോടെ മരിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തികമായി നിവർത്തിയില്ലെന്നും മകന്റെ ദാരുണമായ അവസ്ഥ കാണാൻ വയ്യെന്നും പറഞ്ഞുകൊണ്ടാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Post a Comment