കുവൈത്തില്‍ സന്ദര്‍ശന വിസയുള്ളവര്‍ക്ക് കാലാവധി നീട്ടി; ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിച്ച്‌ ആഭ്യന്തര മന്ത്രാലയം


കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് എല്ലാ സന്ദർശന വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.2026 ഫെബ്രുവരി 28 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതായി അധികൃതർ അറിയിച്ചു. നിലവില്‍ കാലാവധി കഴിഞ്ഞതോ വരും ദിവസങ്ങളില്‍ അവസാനിക്കാൻ പോകുന്നതോ ആയ എല്ലാ വിസിറ്റ് എൻട്രി വിസകള്‍ക്കും ഒരു മാസത്തെ കാലാവധി സ്വമേധയാ (Automatically) ലഭിക്കും. വിസ കാലാവധി നീട്ടുന്നതിനായി പ്രവാസികള്‍ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകള്‍ സന്ദർശിക്കേണ്ടതില്ലെന്നും ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണ് ഈ മാറ്റം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ അധിക കാലയളവിലേക്കുള്ള വിസ ഫീസുകളും പിഴകളും മന്ത്രാലയം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കുവൈത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് തുടരാവുന്ന കാലാവധി മൂന്ന് മാസത്തേക്ക് കൂടി സ്വമേധയാ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ഈ കാലാവധി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. വിസയും താമസ നടപടികളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ ചാനലുകള്‍ മാത്രം പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യത്തില്‍ യാത്ര ചെയ്യാൻ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് കുവൈത്ത് സർക്കാരിന്റെ ഈ തീരുമാനം. വിസ കാലാവധി നീട്ടിയതോടെ പിഴ പേടിക്കാതെ നിയമപരമായി രാജ്യത്ത് തുടരാൻ സന്ദർശകർക്ക് സാധിക്കും.

Post a Comment

Previous Post Next Post