ധോണിക്ക് പരിക്ക്; ആദ്യ രണ്ടാഴ്ച പുറത്ത്, സിഎസ്‌കെയില്‍ വിക്കറ്റ് കാക്കാൻ സഞ്ജു സാംസണ്‍


ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. കാല്‍വണ്ണയ്ക്കേറ്റ പരിക്കിനെത്തുടർന്ന് മുൻ നായകൻ എം.എസ്.
ധോനിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ നഷ്ടമാകും. മാർച്ച്‌ 30-ന് ഗുവാഹട്ടിയില്‍ രാജസ്ഥാൻ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോനിയുടെ അഭാവത്തില്‍ ടീമിലെ പുതിയ അംഗമായ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും.കഴിഞ്ഞ ഡിസംബറില്‍ നടന്ന വമ്പൻ ട്രേഡിലൂടെയാണ് സഞ്ജു സാംസണ്‍ ചെന്നൈ ടീമിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയല്‍സിന് നല്‍കിയാണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ധോനിയുടെ പിൻഗാമിയായി മാനേജ്‌മെന്റ് കാണുന്ന സഞ്ജുവിന് ഈ സീസണ്‍ നിർണ്ണായകമാണ്. ഏപ്രില്‍ 11-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലൂടെയോ ഏപ്രില്‍ 14-ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള പോരാട്ടത്തിലൂടെയോ ധോനി കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും.
44-ാം വയസ്സിലും ഐപിഎല്ലില്‍ സജീവമായ ധോനി, ഈ സീസണില്‍ മൈതാനത്തിറങ്ങിയാല്‍ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കും. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ താരമെന്ന പ്രവീണ്‍ താംബെയുടെ റെക്കോർഡാണ് ധോനി മറികടക്കുക. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 135.17 സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സ് ധോനി നേടിയിരുന്നു. ഋതുരാജ് ഗെയിക്വാദിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ തവണ ടീമിനെ നയിച്ചതും ധോനിയായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ അവസാനക്കാരായാണ് ചെന്നൈ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post