'ഇറാൻ വലിയ രാജ്യം, യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാം'; ട്രംപ്


വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം നാല് ആഴ്ചയോളം നീണ്ടുനില്‍ക്കാമെന്ന് സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
ഇറാൻ ഒരു വലിയ രാജ്യമാണെന്നും അതിനാല്‍ നിലവിലെ സൈനിക നീക്കം പൂർത്തിയാക്കാൻ നാലാഴ്ചയോ അതില്‍ കുറവോ സമയം വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടില്‍ വെച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളും നടത്തുന്നുണ്ട്. സംഘർഷത്തില്‍ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു.
അതേസമയം, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചു. 'പാമ്പിന്‍റെ തല വെട്ടിമാറ്റി' എന്നും കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കാരണമായെന്നും യുഎസ് സെൻട്രല്‍ കമാൻഡ് പറഞ്ഞു.
ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോള്‍ ആസ്ഥാനമില്ലെന്നും സെൻട്രല്‍ കമാൻഡ് അവകാശപ്പെട്ടു. കൂടാതെ, അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ ശേഖരം പൂർണ്ണമായും തകർത്തതായും അമേരിക്ക അവകാശപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post