ഗംഭീര അഡ്വാന്‍സ് ബുക്കിങ്ങുമായി 'ആട് 3'


മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുന്നു.
അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 യുടെ പ്രീസെയില്‍സ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കോടികളുടെ അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.2026 മാര്‍ച്ച്‌ 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തു വന്ന, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പര്‍ ഹിറ്റായി മാറിയതോടെ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കാനൊരുകുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയ 'സുല്‍ത്താന്‍' എന്ന ഗാനം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സെന്‍സറിങ് പൂര്‍ത്തിയാക്കി ക്ലീന്‍ 'U' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കാനൊരുങ്ങുന്നത്.
ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെ വെള്ളിത്തിരയില്‍ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശമാണ് ഇപ്പോള്‍ ലഭിക്കുന്ന വമ്പന്‍ അഡ്വാന്‍സ് ബുക്കിംഗ് കാണിച്ചു തരുന്നത്. 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' എന്ന ടൈറ്റില്‍ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാര്‍ട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post