യാത്രക്കാര്‍ക്ക് ആശ്വാസം; റദ്ദാക്കിയ ടിക്കറ്റ് തുക 15 ദിവസത്തിനകം മടക്കി നല്‍കണം, നിര്‍ദ്ദേശവുമായി കുവൈത്ത്


കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകള്‍ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നല്‍കാൻ ഉത്തരവ്.
നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത്, റദ്ദാക്കിയ ടിക്കറ്റുകളുടെയും ബുക്കിംഗുകളുടെയും തുക 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ മടക്കി നല്‍കണമെന്ന് സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജൻസികള്‍ക്കും നിർദ്ദേശം നല്‍കി. ഫെബ്രുവരി 28 മുതല്‍ സർവീസുകള്‍ തടസ്സപ്പെട്ടതുമൂലം യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കും.‘റീഫണ്ട് ലഭിക്കില്ല’ എന്ന നിബന്ധനയോടെ എടുത്ത ടിക്കറ്റുകള്‍ക്കും ഈ ഉത്തരവ് പ്രകാരം തുക തിരികെ ലഭിക്കാൻ അർഹതയുണ്ട്. ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകള്‍ ആണെങ്കില്‍ ബാക്കി തുക നല്‍കണം. യാത്രക്കാരുടെ പ്രത്യേക അനുവാദമില്ലാതെ തുകയ്ക്ക് പകരം വൗച്ചറുകളോ ക്രെഡിറ്റോ നല്‍കാൻ പാടില്ലെന്നും പണം നേരിട്ട് തന്നെ കൈമാറണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിമാന ടിക്കറ്റിന് പുറമെ ഹോട്ടല്‍ ബുക്കിംഗ്, ഇൻഷുറൻസ്, എക്സസ് ബാഗേജ് തുടങ്ങിയവയ്ക്കായി നല്‍കിയ തുകയും ഇത്തരത്തില്‍ തിരികെ ലഭിക്കുന്നതാണ്.
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് അതോറിറ്റി വക്താവ് അബ്ദുള്ള അല്‍ രാജി അറിയിച്ചു. ബുക്കിംഗ് സമയത്ത് മുൻകൂട്ടി അറിയിച്ചിട്ടുണ്ടെങ്കില്‍ നിശ്ചിത സർവീസ് ചാർജ് മാത്രം ഏജൻസികള്‍ക്ക് ഈടാക്കാം. വിമാനത്താവളത്തിന്റെ പ്രവർത്തനം ഔദ്യോഗികമായി പുനരാരംഭിക്കുന്നത് വരെ റദ്ദാക്കപ്പെട്ട എല്ലാ ബുക്കിംഗുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. പണം നല്‍കിയ അതേ മാർഗ്ഗത്തിലൂടെ തന്നെ (ക്രെഡിറ്റ് കാർഡ്/ബാങ്ക് അക്കൗണ്ട്) തുക തിരികെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഏജൻസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post