ആന്ധ്രയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്


ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്‌ തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ 13 പേർ മരിച്ചു.
വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെ മാർക്കാപുരത്തിന് സമീപമാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്ന് പാമുരുവിലേക്ക് പോവുകയായിരുന്ന 'ഹരികൃഷ്ണ ട്രാവല്‍സിന്റെ' ബസാണ് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും പെട്ടെന്ന് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന എത്തുമ്പോഴേക്കും ബസും ലോറിയും പൂർണ്ണമായും കത്തിനശിച്ചിരുന്നു. ബസിനുള്ളില്‍ കുടുങ്ങിപ്പോയവരാണ് മരിച്ചവരിലേറെയും. അപകടത്തില്‍ ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. കനത്ത പുകയും തീയും കാരണം രക്ഷാപ്രവർത്തനം ആദ്യഘട്ടത്തില്‍ ദുഷ്കരമായിരുന്നു.

Post a Comment

Previous Post Next Post