കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണ് നാല് മരണം. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്.സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ , തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ പ്രവർത്തിക്കുന്നുണ്ട്. സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിർദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടൗണ്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Post a Comment