മേഖലയില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വഷളാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാർക്കും താമസക്കാർക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി.
ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ മിസൈല്‍ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇത്തരം വസ്തുക്കള്‍ കണ്ടാല്‍ ഉടൻ മാറിനില്‍ക്കണമെന്നും അവയുടെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ ശ്രമിക്കരുതെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികള്‍ സുഗമമാക്കാൻ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇറാനില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി ഉണ്ടായ മിസൈല്‍ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു. എങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ചതിനെത്തുടർന്ന് ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തില്‍ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. അമേരിക്കയും ഇസ്രായേലും ശനിയാഴ്ച ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Post a Comment