ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു


ചെന്നൈ: ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുഎഇക്കെതിരെ ന്യൂസിലാൻഡ് 10 വിക്കറ്റുകളുടെ തകർപ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ ഒറ്റ വിക്കറ്റുകള്‍ പോലും നഷ്ടപ്പെടാതെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
മത്സരം യുഎഇ പരാജയപ്പെട്ടെങ്കിലും മലയാളി താരമായ അലീഷാൻ ഷറഫുവിന്റെ മിന്നും പ്രകടനമാണ് മലയാളി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയത്. മത്സരത്തില്‍ അർദ്ധ സെഞ്ച്വറി നേടിയാണ് ഷറഫു തിളങ്ങിയത്. 47 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്സുകളും അടക്കം 55 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.ന്യൂസിലാൻഡിന്റെ മികച്ച ബൗളിങ് നിരക്കെതിരെ അനായാസമായാണ് ഷറഫു ബാറ്റ് വീശിയത്. ടി-20 ലോകകപ്പില്‍ അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയാണ് ഷറഫു. കണ്ണൂർ പഴയങ്ങാടിയില്‍ ജനിച്ച ഷറഫുവിന്റെ പഠനവും വളർച്ചയുമെല്ലാം യുഎഇയില്‍ ആയിരുന്നു. 2017ല്‍ യുഎഇയുടെ അണ്ടർ 17ല്‍ ടീമില്‍ ഇടം നേടിയാണ് ഷറഫു തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്.
നിഭാഗ്യവശാല്‍ മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസണ് ടി-20 ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. 2024 ടി-20 ലോകകപ്പില്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കൊപ്പം ബെഞ്ചിലായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഈ ലോകകപ്പില്‍ അമേരിക്കക്കെതിരായ മത്സരത്തിലും സഞ്ജു ഇറങ്ങിയിരുന്നില്ല.
അതേസമയം മത്സരത്തില്‍ ഷറഫുവിനൊപ്പം യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീമും മിന്നും പ്രകടനം പുറത്തെടുത്തു. 45 പന്തില്‍ പുറത്താവാതെ 66 റണ്‍സ് ആണ് യുഎഇ ക്യാപ്റ്റൻ നേടിയത്. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
മത്സരത്തില്‍ ന്യൂസിലാൻഡ് ഓപ്പണർമാർ തകർത്തടിച്ചപ്പോള്‍ അനായാസം കിവീസ് വിജയിക്കുകയായിരുന്നു. ടിം സൈഫർട്ട് 42 പന്തില്‍ 12 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 89 റണ്‍സാണ് സൈഫർട്ട് നേടിയത്. 50 പന്തില്‍ 84 റണ്‍സാണ് ഫിൻ അലൻ നേടിയാണ്. അഞ്ച് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

Post a Comment

Previous Post Next Post