തിരുവനന്തപുരം:ഉത്സവാഘോഷങ്ങളുടെ ഭാഗമായി അലങ്കാരം നടത്തുമ്ബോള്‍ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങള്‍ക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്.
അനുമതി കൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസില്‍ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്ന് കെഎസ്‌ഇബി ഓർമിപ്പിക്കുന്നു.
*കെഎസ്‌ഇബിയുടെ അറിയിപ്പ്*
കണക്ഷനുകളുടെ തുടക്കത്തില്‍ തന്നെ ആർസിസിബി അഥവാ ബിഎല്‍സിബി ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. ആർസിസിബി നിശ്ചിത ഇടവേളകളില്‍ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
വൈദ്യുതിസംബന്ധമായ എന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററില്‍ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്.
പൊതുഇടങ്ങളില്‍ ദീപാലങ്കാരം നടത്തുമ്പോള്‍ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകള്‍ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകള്‍ സ്ഥാപിക്കേണ്ടത്. ബോർഡുകള്‍, കമാനങ്ങള്‍, തോരണങ്ങള്‍ തുടങ്ങിയവ വൈദ്യുതിലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു.
വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ലോഹനിർമ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. ലൈസൻസുള്ള കോണ്‍ട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു.
താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോഴും വൈദ്യുതിലൈനില്‍ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം. വൈദ്യുതി ലൈനുകള്‍ക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്. വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകള്‍ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്.
Post a Comment