കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടി ഓട്ടോ ടാക്‌സിയില്‍ ഇടിച്ച്‌ അപകടം; മൂന്നുപേര്‍ക്ക് പരിക്ക്


കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. കാർ ഓട്ടോ ടാക്‌സിയില്‍ ഇടിക്കുകയും ഓട്ടോ തലകീഴായി മറിയുകയും ചെയ്തു.
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കണ്ണൂർ മേലെ ചൊവ്വ വൈദ്യർ പീ‌ടികയ്ക്ക് സമീപം എത്തിയപ്പോളാണ് കാറിന്റെ ടയർ പൊട്ടിയത്.
നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച്‌ നില്‍ക്കുകയുമായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ കാർ തൊട്ടുമുന്നില്‍ പോവുകയായിരുന്ന ഓട്ടോ ടാക്സിയില്‍ ശക്തമായി ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ടാക്‌സി റോഡില്‍ തലകീഴായി മറിഞ്ഞു. റോഡിലൂടെ നിരങ്ങിനീങ്ങിയ ഓട്ടോ, മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്. മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കാണ് പരിക്കേറ്റത്. ടയർ പൊട്ടിയ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കുണ്ട്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഡാഷ് ബോർഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.

Post a Comment

Previous Post Next Post