സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറൻസ് ലഭിച്ചതായി പൊതുമരമാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.ആനയ്ക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസും ലഭിച്ചിരിക്കുകയാണ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറൻസാണിതെന്ന് മന്ത്രി വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
പാറ തുരക്കുന്ന കൂറ്റൻ യന്ത്രങ്ങള്‍ മേപ്പാടിയില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മുറിപ്പുഴയിലാണ് പാറതുരയ്ക്കല്‍ ആരംഭിക്കുക. ഇതേ സമയം തന്നെ മേപ്പാടിയിലും പാതതുരക്കല്‍ ആരംഭിക്കും.ആനക്കാംപോയില്‍ മുതല്‍ മേപ്പാടിവരെയുള്ള തുരങ്കപാത നിർമാണം അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. തുരങ്കപാതയ്ക്ക് ആദ്യഘട്ട അനുമതി ലഭിച്ചതിനെ തുടർന്ന് പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിശദമായ പ്ലാൻ ഇപ്പോള്‍ സർക്കാരിന്റെ കൈയിലുണ്ട്. കൃത്യമായ സമയപരിധിക്കുള്ളില്‍ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചത്.
തുരങ്കപാത വരുന്നതോടെ വയനാട്, കോഴിക്കോട് ജനതയുടെ യാത്രാക്ലേശത്തിന് ശ്വാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കപ്പാത നിർമിക്കുക. 1500കോടി രൂപ ചെലവിലാണ് തുരങ്കപാതയുടെ സ്‌പെഷ്യല്‍ പർപ്പസ് വെഹിക്കിളായി കൊങ്കണ്‍ റെയില്‍വെയെ നിർമാണ പ്രവർത്തനങ്ങള്‍ കേരള സർക്കാർ ഏല്‍പ്പിച്ചിരിക്കുന്നത്. 2024ല്‍ തന്നെ കൊങ്കണ്‍ റെയില്‍വെ അതിന്റെ ടെൻഡർ തുറക്കുകയും ഭോപ്പാല്‍ ആസ്ഥാനമായ 'ഡല്‍ഹി ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്' എന്ന കമ്പനിക്ക് 1341കോടിക്ക് നിർമാണ കരാർ നാലു വർഷത്തേക്ക് നല്‍കിയിരിക്കുന്നത്.
Post a Comment