ഓണ്‍ലൈൻ ഗെയിമുകള്‍ നല്‍കി കുട്ടികളെ വലയിലാക്കി; യുപിയില്‍ 33 കുരുന്നുകളെ പീഡിപ്പിച്ച ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചു


ഡല്‍ഹി: മൂന്ന് വയസ്സുകാർ ഉള്‍പ്പെടെ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികള്‍ക്ക് ഉത്തർപ്രദേശിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു.യുപിയിലെ ബന്ദ ജില്ലയിലുള്ള രാംഭാവൻ, ഭാര്യ ദുർഗാവതി എന്നിവർക്കെതിരെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങള്‍ പകർത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത പണം കുട്ടികള്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പില്‍ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓണ്‍ലൈൻ വിഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നല്‍കിയാണ് കുട്ടികളെ വലയിലാക്കിയിരുന്നത്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബന്ദ, ചിത്രകൂട് ജില്ലകളിലായിരുന്നു ദമ്പതികളുടെ ക്രൂരകൃത്യങ്ങള്‍ നടന്നത്.
അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ കണ്ടെത്തിയത്. പരുക്കേറ്റ ചില കുട്ടികള്‍ക്ക് വർഷങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. പലർക്കും കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചു. കടുത്ത മാനസിക ആഘാതം നേരിട്ടു. ശാസ്ത്രീയമായ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും സിബിഐ ശേഖരിച്ചു. 2021 ഫെബ്രുവരിയിലാണ് ദമ്പതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. നീചവും ആസൂത്രിതവുമായ ഈ കുറ്റകൃത്യം അപൂർവങ്ങളില്‍ അപൂർവമാണെന്നു കോടതി നിരീക്ഷിച്ചു.

Post a Comment

Previous Post Next Post