തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവില്‍ മുട്ടുമടക്കി പ്രമുഖ കാര്‍ ഡീലര്‍; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നല്‍കാൻ കോടതി വിധി

കാസർഗോഡ്: പണമടച്ചിട്ടും കാർ നല്‍കാതെ ഉപഭോക്താവിനെ വഞ്ചിച്ച കാഞ്ഞങ്ങാട്ടെ മാരുതി സുസുക്കി ഡീലർക്ക് കനത്ത തിരിച്ചടി.കാർ ബുക്ക് ചെയ്ത് ഒൻപത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉപഭോക്താവിന് അനുകൂലമായ വിധി വരുന്നത്. കേസില്‍ പ്രവാസിയായ ഹംസ കുഞ്ഞില്‍ മൊയ്തുവിന് 29 ലക്ഷം രൂപ നല്‍കാൻ കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
2016-ലാണ് 11.20 ലക്ഷം രൂപ നല്‍കി ബേക്കല്‍ സ്വദേശിയായ ഹംസ മാരുതി വിറ്റാര ബ്രെസ ബുക്ക് ചെയ്തത്. ഹംസ നല്‍കിയ 11.20 ലക്ഷം രൂപയും, അതിന് 2016 ഡിസംബർ മുതല്‍ കണക്കാക്കിയ 14% പലിശയും, 3 ലക്ഷം രൂപ നഷ്ടപരിഹാരവും, 15,000 രൂപ കോടതിച്ചെലവും അടക്കം 29 ലക്ഷം രൂപ നല്‍കാനാണ് കമ്മിഷൻ ഇപ്പോള്‍ ഉത്തരവിട്ടത്. ഇതില്‍ 25 ലക്ഷം രൂപയുടെ ചെക്ക് ഡീലർ ഹംസയ്ക്ക് കൈമാറിക്കഴിഞ്ഞു.
2016 സെപ്റ്റംബറിലാണ് ഹംസ കാർ ബുക്ക് ചെയ്യുന്നത്. 21 ദിവസത്തിനുള്ളില്‍ ഡെലിവറി വാഗ്ദാനം ചെയ്തെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും കാർ ലഭിച്ചില്ല. ഒടുവില്‍ ഡിസംബറില്‍ കാർ എത്തിയെന്ന് അറിയിച്ചതിനെത്തുടർന്ന് ഹംസ ഷാർജയില്‍ നിന്നും നാട്ടിലെത്തി. പിന്നാലെ ബാങ്ക് വായ്പയെടുത്ത് മുഴുവൻ തുകയും ഡീലർക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ഡീലറുടെ ഭാഗത്തുനിന്ന് ഒളിച്ചുകളി ആരംഭിക്കാൻ തുടങ്ങി.കാർ ഇന്റീരിയർ വർക്കിനായി കോഴിക്കോട് കൊണ്ടുപോയിരിക്കുകയാണെന്നും, തിരികെ വരുമ്ബോള്‍ അപകടത്തില്‍പ്പെട്ടുവെന്നും പറഞ്ഞ് ഡീലർ ഹംസയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പുതിയ കാർ ഡെലിവറിക്ക് മുൻപ് 200 കിലോമീറ്റർ ഓടിച്ച്‌ കൊണ്ടുവരില്ലെന്ന് മനസ്സിലാക്കിയ ഹംസയ്ക്ക് ഇതില്‍ സംശയം തോന്നി.
തുടർന്ന് കാത്തിരുന്നിട്ടും കാർ നല്‍കാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ തുകയുടെ വെറും 2% പലിശ മാത്രം നല്‍കി കേസ് ഒതുക്കാനായിരുന്നു ഡീലറുടെ ശ്രമം. ഇതിന് വഴങ്ങാതെ ഹംസ നിയമവഴി തിരഞ്ഞെടുക്കുകയായിരുന്നു. കാർ ലഭിച്ചില്ലെങ്കിലും കാനറാ ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ ഇഎംഐ (EMI) ഹംസ കൃത്യമായി അടച്ചു കൊണ്ടിരുന്നു. നിയമപോരാട്ടത്തില്‍ തെളിവായി ഇത് മാറുമെന്ന് കണ്ടാണ് അദ്ദേഹം ലോണ്‍ തിരിച്ചടവ് തുടർന്നത്. ഡീലർക്ക് ബാങ്ക് മാനേജർ അഞ്ച് തവണ കത്തയച്ചിട്ടും മറുപടി നല്‍കാൻ അവർ തയ്യാറായില്ല.
എനിക്ക് പണമല്ലായിരുന്നു പ്രധാനം, എന്നെ കബളിപ്പിച്ചവർക്ക് അർഹമായ മറുപടി നല്‍കണമായിരുന്നു. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു എന്ന് ഹംസ കുഞ്ഞില്‍ മൊയ്തു പറഞ്ഞു.

Post a Comment

Previous Post Next Post