ട്വന്റി 20 ലോകകപ്പ്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം ഇന്ന്, സ്പിൻ കരുത്തില്‍ ടീമുകള്‍


കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ, പാകിസ്ഥാൻ ക്ലാസിക് പോരാട്ടം ഇന്ന് കൊളംബോയില്‍. ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് വീണ്ടുമൊരു ഇന്ത്യ - പാക് മത്സരം എത്തുന്നത്.സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക. അഭിഷേക് ടീമില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് പുറത്ത് നില്‍ക്കേണ്ടിവരും. അതിനിടെ ഹസ്തദാനം അടക്കമുള്ള കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് അറിയാൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.
സ്പിൻ ബോളിങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചതിന്റെ മുൻതൂക്കവുമായാണ് പാകിസ്താൻ എത്തുന്നത്. 13 വിക്കറ്റുകളാണ് പാകിസ്ഥാൻ്റെ സ്പിൻ ബോളേഴ്സ്സ് രണ്ട് മത്സരത്തില്‍ നിന്നായി എറിഞ്ഞിട്ടത്. അമേരിക്കയ്ക്കെതിരെ അഞ്ച് സ്പിൻ ബോളർമാർ പന്തെറിഞ്ഞതും ശ്രദ്ധേയമായി. അമേരിക്കയ്ക്കെതിരെ ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെയാവും പാകിസ്ഥാൻ ഇറങ്ങുക. ഉസ്മാൻ താരിഖ് നയിക്കുന്ന സ്പിൻ നിരയാണ് ഇന്ത്യക്ക് വെല്ലുവിളി.
ടീമില്‍ മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക, റണ്‍സ് അധികമായി വഴങ്ങുന്ന ആർഷ്ദീപിനെ പുറത്ത് ഇരുത്തി കൊളംബോയില്‍ കുല്‍ദീപ് ഇറങ്ങും. ഇനിയും താളം കണ്ടെത്താത്ത റിങ്കു സിംഗിന് പകരം വാഷിങ്ഡണ്‍ സുന്ദർ ടീമില്‍ ഇടംപിടിച്ചേക്കും. ഇന്നലെ നടന്ന പരിശീലനത്തില്‍ അഭിഷേക് ബാറ്റ് വീശിയതോടെ സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടമുണ്ടാകില്ല. ഇഷാൻ, അഭിഷേക് സഖ്യം തന്നെ ഓപ്പണ്‍ ചെയ്യും.

Post a Comment

Previous Post Next Post