ഇനി ഗോവയ്ക്ക് ടിക്കറ്റ് എടുക്കണ്ട, കണ്ണൂരേക്ക് പോരീ...! കശുമാങ്ങയില്‍ നിന്ന് 'കെ-ഫെനി' വരുന്നു; മാര്‍ച്ച്‌ 10 മുതല്‍ കുപ്പി പൊട്ടിക്കാം


കണ്ണൂർ: മദ്യപ്രേമികള്‍ കാത്തിരുന്ന ആ 'നാടൻ വീര്യം' അണിയറയില്‍ റെഡി! ഗോവൻ വിപണികളിലെ സുല്‍ത്താനായ 'ഫെനി' ഇനി കണ്ണൂർ ലുക്കില്‍ മലയാളിയുടെ കൈകളിലേക്ക്.
കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി) മാർച്ച്‌ പത്തിനകം വിപണിയിലേക്ക് എത്തും.
ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയില്‍ നിന്നാണ് കെ - ഫെനി നിർമിക്കുന്നത്. കണ്ണൂർ പയ്യാവൂർ ആനയടിയില്‍ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും. മാർച്ച്‌ 10നകം കെ-ഫെനി വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നിർമാണം. ബിവറേജ്‌സ് കോർപ്പറേഷൻ മുഖേനയായിരിക്കും വില്‍പന. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച്‌ ആല്‍ക്കഹോള്‍ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നല്‍കിയ അനുമതിക്ക് പിന്നാലെയാണ് കെ ഫെനി നിർമിക്കുന്നത്. ഇതിനായി കശുമാങ്ങ ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.കശുമാങ്ങയില്‍നിന്ന് വാറ്റിയെടുക്കുന്ന കണ്ണൂർ ഫെനി, കശുമാങ്ങ സീസണില്‍ നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഡിസംബർ മുതല്‍ മെയ് വരെയാണ് കശുമാങ്ങ സീസണ്‍. കശുവണ്ടി കർഷകർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.

Post a Comment

Previous Post Next Post