തിരുവനന്തപുരം: ദേശീയപാതകളിലെ ടോള്‍ പിരിവ് സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).2026 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ പണമിടപാടുകള്‍ പൂർണ്ണമായും നിർത്തലാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
ഇതോടെ ദേശീയപാതകളിലൂടെയുള്ള യാത്രകള്‍ പൂർണ്ണമായും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറും. നിലവില്‍ ടോള്‍ പ്ലാസകളില്‍ നിലനില്‍ക്കുന്ന പണമിടപാടുകള്‍ ഒഴിവാക്കി ഫാസ്‌ടാഗ്, യുപിഐ (UPI) എന്നിവ വഴി മാത്രം തുക ഈടാക്കുന്ന രീതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നല്‍കുന്നതിനൊപ്പം ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും പ്രവർത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുമാണ് ഈ പരിഷ്കാരം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫാസ്‌ടാഗ് ഉപയോഗം 98 ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് ഈ മാറ്റത്തിന് വേഗത കൂട്ടിയിട്ടുണ്ട്.
നിലവില്‍ ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ പ്രവേശിച്ചാല്‍ നിശ്ചിത തുകയുടെ ഇരട്ടി പിഴയായി ഈടാക്കുന്നുണ്ട്. കൂടാതെ, യുപിഐ വഴി പണമടയ്ക്കുന്നവരില്‍ നിന്ന് സാധാരണ നിരക്കിന്റെ 1.25 മടങ്ങ് തുകയാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ഈ പുതിയ മാറ്റം വരുന്നതോടെ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാൻ സാധിക്കും. ഇലക്‌ട്രോണിക് ടോള്‍ പിരിവ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ ഇന്ധനലാഭവും സമയലാഭവും ഉറപ്പാക്കാൻ കഴിയുമെന്നാണ് എൻഎച്ച്‌എഐയുടെ വിലയിരുത്തല്‍.
Post a Comment