വമ്പൻ പ്രഖ്യാപനങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്ത്രീകൾക്കു മാത്രമായി 'പിങ്ക് ബസ്' ഉടൻ കേരളത്തിന്റെ നിരത്തുകളിലെത്തും. സ്ത്രീകൾതന്നെയാവും ഈ ബസിലെ ജീവനക്കാർ.ഇതിനോടനുബന്ധിച്ച് പിങ്ക് ടാക്‌സി എന്നൊരു ആശയവുമുണ്ട്. ബസ് ഇറങ്ങുന്ന സ്ത്രീകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനായി ഷെയർ ടാക്‌സി രീതിയിലാവും വണ്ടി ഉണ്ടാവുക. ഇതിനായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിർദേശം സമർപ്പിക്കും. അതു ലഭ്യമായ ഉടനെ കേരളത്തിന്റെ നിരത്തിൽ പിങ്ക് ബസ് ഓടും.
ആലപ്പുഴയുടെ ജലഗതാഗതത്തിന്റെ മുഖം മാറ്റുന്ന 'കുട്ടനാടൻ സഫാരി'യും മന്ത്രി പ്രഖ്യാപിച്ചു. ജലഗതാഗതത്തിനെയും ആലപ്പുഴയുടെ ടൂറിസത്തെയും കോർത്തിണക്കിക്കൊണ്ടാണ് പദ്ധതി വരിക. ആലപ്പുഴയിൽനിന്ന് ബോട്ടിൽ കയറുന്നയാൾക്ക് നാടിന്റെ സംസ്‌കാരവും കലയും പൈതൃകവും പരിചയപ്പെടുത്തുകയാണു ലക്ഷ്യം.
യാത്രയിൽ, കയറുപിരിക്കുന്നതും ഓലമെടയുന്നതും കളിപ്പാട്ടങ്ങൾ നിർമിക്കുന്നതും പഠിക്കാനും ആസ്വദിക്കാനും കഴിയും. ആലപ്പുഴയുടെ കള്ളും തനതു ഭക്ഷണവും നൽകും. പാതിരാമണലിൽ അവസാനിക്കുന്ന യാത്രയിൽ കലാപ്രകടനങ്ങളും ഉണ്ടാവും.

Post a Comment