കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വിപിഎസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം.
ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.
പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂർ സ്വദേശിനിയുടെയും ആണ്‍കുഞ്ഞിന്‍റെയും ജീവനാണ് കൃത്യസമയത്തെ ഉചിതമായ ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദില്‍ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രക്ഷപ്പെടുത്തിയത്.
യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്ബോള്‍ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ഇതോടെ ഡോ. ആദില്‍ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് ഓടിയെത്തി. സ്ട്രെച്ചറടക്കം സംവിധാനങ്ങളുമായി മറ്റ് ആരോഗ്യപ്രവർത്തകരുമെത്തി.എന്നാല്‍ അവിടെ നിന്നും യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ കാറിനുള്ളില്‍ വെച്ച് തന്നെ പ്രസവത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അങ്ങനെ കുടുംബത്തിന്‍റെ വോള്‍വോ കാറില്‍ വെച്ച് തന്നെ സുരക്ഷിതമായി ഡോക്ടറും സംഘവും പ്രസവമെടുക്കുകയായിരുന്നു.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് തലശ്ശേരിയില്‍ നിന്നും യുവതിയും ഭര്‍ത്താവും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസം അരൂരില്‍ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വേദന അനുഭവപ്പെട്ട് തുടങ്ങി.
ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി തുടർനടപടികള്‍ സ്വീകരിച്ചിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകള്‍ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം ലേക്‌ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് തന്നെ കാറില്‍ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു.
Post a Comment