മദ്യത്തില്‍ മുങ്ങി പുതുവത്സരാഘോഷം! മലയാളികള്‍ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നില്‍ കൊച്ചി


തിരുവനന്തപുരം: എല്ലാ പുതുവർഷത്തിലുമെന്ന പോലെ ഇത്തവണയും മലയാളികളുടെ മദ്യ ഉപഭോഗത്തില്‍ വർധന. ഡിസംബർ 31 ന് ഇത്തവണ ബിവറേജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വില്‍പനയാണ് ഉണ്ടായത്.125.64 കോടി രൂപയുടെ മദ്യമാണു പുതുവർഷത്തലേന്ന് സംസ്ഥാനത്താകെ വിറ്റത്. ഔട്ലെറ്റുകളിലും വെയർഹൗസുകളിലുമായാണ് ഈ റെക്കോർഡ് വില്‍പന ഉണ്ടായത്.
2024 ഡിസംബർ 31ന് 108.71 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. ഇതാണ് ഇത്തവണ 125.64 കോടി രൂപയായി ഉയർന്നത്. 17 കോടിയോളം രൂപയുടെ മദ്യമാണ് ഇത്തവണ അധികം കുടിച്ചുവറ്റിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊച്ചിയിലെ കടവന്ത്ര ഔട്ലെറ്റിലാണ്. 1.17 കോടിയുടെ മദ്യമാണ് അവിടെ വിറ്റത്. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). ഏറ്റവും കുറവ് മദ്യം വിറ്റത് (4.61 ലക്ഷം രൂപ) തൊടുപുഴ കഞ്ഞിക്കുഴി ഔട്ലെറ്റിലാണ്.
ബിയർ, വൈൻ, വിദേശമദ്യം എന്നിവയുടെ 2.07 ലക്ഷം കെയ്സാണ് ഡിസംബർ 31ന് പുതുവർഷ തലേന്ന് വിറ്റുപോയത്. 2024 ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു. അതേസമയം 2025–26 സാമ്ബത്തികവർഷം ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്.

Post a Comment

Previous Post Next Post