കൊച്ചി: അമിത ഭാരം കയറ്റുന്ന ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങളെ ദേശീയപാതയില് അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി.ഇത്തരം വാഹനങ്ങള് റോഡുകളുടെ തകര്ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില് ഇവയുടെ സഞ്ചാരം തടയാന് അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട് പ്രവര്ത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാകുമെന്ന് സര്ക്കാര് അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ച് നിര്ദേശിച്ചു.
കരിങ്കല് ഉത്പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂര് നേര്ക്കാഴ്ച അസോസിയേഷന് ഡയറക്ടര് പി.ബി. സതീശന് നല്കിയ ഹര്ജിയാണു കോടതി പരിഗണിച്ചത്.
ദേശീയപാത അഥോറിറ്റിയുടെ കരട് പ്രവര്ത്തന നടപടിക്രമം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം ചര്ച്ച ചെയ്തതായി അറിയിച്ച സര്ക്കാര്, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാന് ഒരാഴ്ച സമയം തേടി.
ട്രക്കുകളില് അമിതഭാരം കയറ്റുന്നത് തടയാന് ദേശീയപാത അഥോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജന്സികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്ദേശിച്ചു.
Post a Comment