ഫിറ്റായാല്‍ 60 മില്ലിക്ക് പകരം 48 മില്ലി; മദ്യത്തിൻ്റെ അളവ് കുറച്ച്‌ തട്ടിപ്പ്, ബാറിന് 25000 രൂപ പിഴയിട്ട് വിജിലൻസ്

കണ്ണൂർ: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിള്‍ ഓഫീസുകളിലും ഓപ്പറേഷൻ ബാർ കോഡ് എന്ന പേരില്‍ വിജിലൻസിൻ്റെ മിന്നല്‍ പരിശോധന.
നിരവധി നിയമലംഘനങ്ങളാണ് മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. മദ്യത്തിൻ്റെ അളവുകുറച്ച്‌ നല്‍കിയ സംഭവത്തില്‍ കണ്ണൂരില്‍ ബാറിന് പിഴ ഈടാക്കി.

60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തില്‍ കണ്ണൂർ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു. ബാറുകളില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മദ്യപിക്കുന്നയാള്‍ ഫിറ്റായെന്ന് തോന്നിയാല്‍ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ. ബാറിലെത്തി മദ്യപിക്കുന്നവർ‌ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നല്‍കുന്നത് അളവ് കൃത്യമായിട്ടാണ്. പിന്നീടാണ് തട്ടിപ്പ്.

സംസ്ഥാനത്തെ ചില ബാറുകളില്‍ സെക്കൻ്റ്സ് എന്ന പേരില്‍ അറിയപ്പെടുന്ന അനധികൃത വ്യാജ മദ്യ വില്‍പ്പനയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനെതിരെ നടപടിയെടുക്കാതിരിക്കാനും പരിശോധനകള്‍ നടത്താതിരിക്കാനും ചില ഉദ്യോഗസ്ഥർ ബാറുകാരില്‍ നിന്നും മാസപ്പടിയായി കൈക്കൂലിയും മദ്യവും കൈപ്പറ്റാറുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു.

66 ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിള്‍ ഓഫീസുകളിലും ഇന്നലെ രാത്രി വൈകിയും പരിശോധന നടത്തി. പുതുവത്സര ആഘോഷക്കാലത്ത് മദ്യത്തിൻ്റെ ഉപയോഗം കൂടുമ്ബോള്‍ അമിത ലാഭത്തിനായി ചില ബാർ ഹോട്ടലുകള്‍ അബ്കാരി നിയമവും വിദേശമദ്യ ചട്ടങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിച്ച്‌ പ്രവർത്തിക്കുന്നതായും വിജിലൻസിന് വിവരം കിട്ടി. ബാർ ഉടമകളില്‍ നിന്ന് മാസപ്പടി വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഈ ക്രമക്കേടുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതായും വിവരമുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം കടത്തികൊണ്ടു വന്ന് ബാറുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. കടത്തികൊണ്ടു വരുന്ന മദ്യവും ബിവറേജസ് കോർപ്പറേഷൻ വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലർത്തി ഒരു സങ്കര മദ്യം രൂപപ്പെടുത്തി വില്‍പ്പന നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post