ഓട്ടോ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു


പത്തനംതിട്ട: തൂമ്ബാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർക്ക് എതിരെ കേസെടുത്തു.അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതയിലുള്ള ഡ്രൈവിങ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം അപകടത്തില്‍ മരിച്ച ആദ്യലക്ഷ്മി, യദുകൃഷ്ണൻ എന്നീ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.പാമ്ബിനെ കണ്ട് വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാണ് ആദ്യലക്ഷ്മിയുടെ മൃതദേഹമുള്ളത്. അതേസമയം യദുകൃഷ്ണന്റെ മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നര മണിയോടെയാണ് സ്‌കൂളില്‍ നിന്നും ആറ് കുട്ടികളെ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുവന്നത്.
അമിതവേഗതയിലുള്ള വാഹനം വെട്ടിച്ചാല്‍ മാത്രമേ ഗുരുതരമായ രീതിയിലുള്ള അപകടമുണ്ടാകുവെന്ന നിഗമനത്തിലാണ് മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ കുട്ടികളിലൊരാള്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജിലും മറ്റൊരു കുട്ടി കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍.

Post a Comment

Previous Post Next Post