ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച നിലയില്‍! ആത്മഹത്യയെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു


തൃശ്ശൂര്‍: ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയില്‍ ഗർഭിണി പൊള്ളലേറ്റ് മരിച്ച നിലയില്‍. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ വെച്ച്‌ തീകൊളുത്തിയ അര്‍ച്ചന, തീപടര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു.
അതേസമയം, മരണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി, വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച്‌ വ്യക്തതയുണ്ടാകൂ. നാളെ രാവിലെ ഫൊറന്‍സിക് സംഘവും പരിശോധനയ്‌ക്കെത്തും. ഇതിനുശേഷമാകും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടയുള്ള നടപടികള്‍ നടക്കുക.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post