പ്രണയത്തെ പരിക്കേല്‍പ്പിക്കാനാകില്ല; ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി അപകടം; വധുവിന് പരിക്ക്, ആശുപത്രിയിലെത്തി താലികെട്ടി വരൻ

ആലപ്പുഴ :  വാഹനാപകടത്തില്‍ പരിക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി.അതേസമയത്ത് മണ്ഡപത്തില്‍ വിവാഹസദ്യയും വിളമ്ബി. തുമ്ബോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്.
ആവണിയുടെ ആരോഗ്യനിലയില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ബന്ധുക്കള്‍ക്കും ആശ്വാസം. ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
അതിനിടെയാണ് വാഹനാപകടത്തില്‍ വധുവിനു പരിക്കേറ്റത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു.
ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്.
അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു. ആരോഗ്യനിലയില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയില്‍ താലികെട്ടാൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post