കണ്ടെയ്നര്‍ ലോറി ഇടിച്ച്‌ മരത്തിന്റെ ശിഖരം മുറിഞ്ഞ് കാറിനുള്ളിലേക്ക് വീണു; മരക്കൊമ്ബ് തുളച്ചുകയറി 27 വയസുകാരിക്ക് ദാരുണാന്ത്യം


എടപ്പാള്‍ : കണ്ടെയ്നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്ബ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച്‌ അകത്തു കയറി പരുക്കേറ്റ യുവതിക്കു ദാരുണാന്ത്യം.എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണു (27) മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്ബ്ര വീട്ടില്‍ സെയ്ഫിനു പരുക്കേറ്റു. ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂർ അമ്ബലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്ബ് എതിർദിശയില്‍ വന്നിരുന്ന കാറില്‍ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര.
കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച്‌ അകത്തു കയറിയ കൊമ്ബ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്ബിലാവ് അൻസാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post