കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലിലില്‍. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താനാണ് ഡോ. ഷംഷീർ നിർദേശം നല്‍കിയിരിക്കുന്നത്. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയില്‍ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എംഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്ന് ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.
വിവാഹത്തിന് ആശുപത്രി വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചത് പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു.''വിപിഎസ് ലേക്‌ഷോറിലെ ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്‍റും കുടുംബത്തെപ്പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയട്ടെ''- അദ്ദേഹം അറിയിച്ചു.
ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.
ആവണിയുടെ സ്പൈന്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ 12 മണിയോടെയാണ് അവസാനിച്ചത്. ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്‍റെ പ്രധാനഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരുക്കേറ്റത്. ഞരമ്ബിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുവെന്ന് ഡോ. സുദീഷ് കരുണാകരന്‍ വ്യക്തമാക്കി. ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്‌തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. സര്‍ജറിക്ക് ശേഷം ആവണി ന്യൂറോ സയന്‍സസ് ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്.
Post a Comment