നിര്‍ണായകമായത് സിസിടിവി; ജമ്മു കശ്മീരില്‍ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി, ഡോക്ടര്‍ അറസ്റ്റില്‍, വാടക വീട്ടില്‍ 360 കിലോ അമോണിയം നൈട്രേറ്റ്


ദില്ലി: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകള്‍.ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരില്‍ നിന്ന്, സ്ഫോടകവസ്തുക്കള്‍ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു. രാജ്യവ്യാപകമായി നടന്ന പരിശോധനയില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതെന്ന് ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചു.മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഡോ. മുസാമില്‍ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അല്‍ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് ഒരു കരോം കോക്ക് അസോള്‍ട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദില്‍ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
സ്ഫോടക വസ്തുക്കളുടെ കൂട്ടത്തില്‍ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിലാണ് ഭീകരവാദ സംഘടനകളെ അനുകൂലിച്ച്‌ ശ്രീനഗറില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സിസിടിവികളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദില്‍ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദില്‍ അഹമ്മദ്. പരിശോധനയില്‍ അനന്ത്നാഗിലെ മുറിയിലെ ലോക്കറില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫരീദാബാദില്‍നിന്ന് തോക്കുകളും സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.

Post a Comment

Previous Post Next Post