കൊച്ചി: പ്രായം കുറഞ്ഞ യുവാവിനൊപ്പം എറണാകുളം നോർത്തിലെ ലോഡ്ജില്‍ ലിവിങ് ടുഗദർ ജീവിതം നയിച്ചിരുന്ന യുവതിയും യുവാവും കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ എക്‌സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി.
23 വയസുള്ള യുവതിയെയും 21 വയസുള്ള യുവാവിനെയും ലോഡ്ജില്‍ നിന്ന് 880 ഗ്രാം കഞ്ചാവുമായിട്ടാണ് കസ്റ്റഡിയിലെടുത്തത് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം രണ്ട് മാസമായി ഇരുവരും ലോഡ്ജില്‍ താമസിച്ച് വരികയായിരുന്നുവെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നല്‍കിയിട്ടുണ്ട്.
നഴ്സിങ് പഠനത്തിനുള്ള പണവുമായി കൊച്ചിയില്‍
യുവതിയെ ചോദ്യം ചെയ്തതില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂലിപ്പണിക്കാരിയായ അമ്മ കഷ്ടപ്പെട്ട് സ്വരൂപിച്ച 87,000 രൂപ മുടക്കി ബംഗളൂരില്‍ നഴ്‌സിങ് കോഴ്‌സിന് ചേർത്ത യുവതിയാണ് മുൻപരിചയക്കാരനായ യുവാവിനൊപ്പം കൊച്ചിയിലെത്തി കഞ്ചാവ് വില്‍പന നടത്തി ജീവിതം നയിച്ചുവന്നത്. കൊച്ചിയില്‍ അടിച്ചുപൊളിച്ചു ജീവിക്കാൻ വേണ്ടിയാണ് ഇരുവരും ഈ വഴി തിരഞ്ഞെടുത്തതെന്ന് എക്‌സൈസ് അന്വേഷണത്തില്‍ വ്യക്തമായി.
'അവള്‍ ബംഗളുരിലാണ്'
യുവതിയെ കസ്റ്റഡിയിലെടുത്ത വിവരം എക്‌സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ ഫോണില്‍ വിളിച്ച് യുവതിയുടെ അമ്മയെ അറിയിച്ചപ്പോള്‍, അത് തന്റെ മോളല്ലെന്നും അവള്‍ ബംഗളുരിലാണെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.
മകളുടെ സംസാരം കേട്ടതോടെ അമ്മ കരച്ചില്‍ തുടങ്ങിയെന്നും യുവാവിനെക്കുറിച്ച് മകള്‍ മുൻപ് സൂചന നല്‍കിയിരുന്നുവെന്നും ഉദ്യോഗസ്ഥരോട് സമ്മതിച്ചു എന്നും എക്‌സൈസ് സംഘം അറിയിച്ചു.
ലക്ഷങ്ങളുടെ നിക്ഷേപം; ആഡംബര ജീവിതം
ഓയില്‍ ആൻഡ് ഗ്യാസ് കോഴ്‌സിന് എറണാകുളത്ത് പഠിക്കുകയായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥർ അമ്ബരന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം അക്കൗണ്ടില്‍ വന്നിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തി.
ലോഡ്ജ് വളപ്പില്‍ യുവാവിന്റെ നീല സെൻ കാറും കണ്ടെത്തിയിട്ടുണ്ട്. ഈ പണം കഞ്ചാവ് വില്‍പനയിലൂടെ ലഭിച്ചതാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. യുവാവിന്റെ അച്ഛൻ ഓട്ടോഡ്രൈവറും അമ്മ കൂലിപ്പണിക്കാരിയുമാണ്. വീട്ടുകാരെ വിവരമറിയിച്ചപ്പോള്‍ അവർക്ക് നിസ്സംഗതയായിരുന്നു എന്നും, 'എന്നേ എഴുതിത്തള്ളിയ കേസ്കെട്ടാണ്' എന്ന ഭാവമായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇടത്തരം ലോഡ്ജിലാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഭക്ഷണം ഓണ്‍ലൈനില്‍ വരുത്തും. രണ്ടുപേർക്കും പുതിയ വസ്ത്രങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു. കാറിലാണ് ഇവർ യാത്രകള്‍ നടത്തിയിരുന്നത്.സ്റ്റേഷൻ ജാമ്യം ലക്ഷ്യം വെച്ച് കഞ്ചാവ് ശേഖരണം
അസ്സാമിലെ ഏജന്റു വഴിയാണ് ഇവർക്ക് കഞ്ചാവ് ലഭിച്ചിരുന്നത്. പുല്ലേപ്പടി പാലത്തിന് സമീപം വച്ച് അന്യസംസ്ഥാനക്കാരന് പണം നല്‍കുകയും, മറ്റൊരാള്‍ കഞ്ചാവ് കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി എന്ന് അന്വേഷണ സംഘം വിശദമാക്കി.
പിടിയിലായാല്‍ സ്റ്റേഷൻ ജാമ്യം ലഭിക്കാൻ വേണ്ടിയാണ് ഇവർ ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് മാത്രം വാങ്ങാറുണ്ടായിരുന്നത് എന്നും കണ്ടെത്തി. കഞ്ചാവ് വില്‍പനയുടെ മുഖ്യ സൂത്രധാരനായ അസ്സാം സ്വദേശിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എക്‌സൈസ് ആരംഭിച്ചു കഴിഞ്ഞു.
ലോഡ്ജുകാരുടെ നിസ്സംഗത
മാസം 25,000 രൂപയോളം വാടക നല്‍കിയിരുന്ന ഇവരെക്കുറിച്ച് ലോഡ്ജുകാർ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ദിവസം 800 രൂപയാണ് മുറിവാടകയായി ഈടാക്കിയിരുന്നത്. കൊച്ചിയിലെ പല ലോഡ്ജുകളിലും അപ്പാർട്ട്‌മെന്റുകളിലും സമാനമായ രീതിയിലാണ് ലഹരി ഇടപാടുകള്‍ നടക്കുന്നത് എന്ന് എക്‌സൈസും പോലീസും പറയുന്നു.
ഓണ്‍ലൈൻ ഭക്ഷണവിതരണക്കാരൻ, ടാക്‌സി ഡ്രൈവർ എന്നിങ്ങനെ കള്ളം പറഞ്ഞാണ് പലരും മുറി വാടകയ്ക്ക് എടുക്കുന്നത്. എല്ലാവരെയും നിരീക്ഷിക്കാൻ സാധിക്കില്ലെന്നാണ് ലോഡ്ജുകാർ ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കിയത്.
Post a Comment