മൂന്നാറില്‍ മുംബൈ സ്വദേശിനിക്കുണ്ടായ ദുരനുഭവം; 2 പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ; 3 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഇടുക്കി:  മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്‌സി ഡ്രൈവർമാർ, പോലീസ് എന്നിവരില്‍നിന്നു ദുരനുഭവം നേരിട്ട സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ.സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ടാക്‌സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോർജ് കുര്യൻ, എഎസ്‌ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്‌സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണു നടപടി.ടാക്‌സി ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനില്‍ പി.വിജയകുമാർ (40), തെന്മല്ല എസ്റ്റേറ്റില്‍ ന്യൂ ഡിവിഷനില്‍ കെ.വിനായകൻ, മൂന്നാർ ജ്യോതി ഭവനില്‍ എ.അനീഷ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു ഇവർക്കെതിരെ കേസെടുത്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
മുംബൈയില്‍ അധ്യാപികയായ ജാൻവി എന്ന യുവതിയാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നാർ സന്ദർശന വേളയില്‍ ഓണ്‍ ലൈൻ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശത്തെ ഡ്രൈവർമാരില്‍നിന്നും നേരിട്ട ദുരനുഭവം സംബന്ധിച്ച്‌ വിഡിയോ പുറത്തുവിട്ടത്. മൂന്നാറില്‍ ഓണ്‍ ലൈൻ ടാക്‌സികള്‍ക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് ടാക്‌സി ഡ്രൈവർമാർ ഇവരെ തടഞ്ഞത്. കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.തുടർന്ന് യുവതി പോലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും ടാക്‌സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നു. ഇതോടെ യുവതിക്ക് മറ്റൊരു ടാക്‌സിയില്‍ യാത്ര ചെയ്യേണ്ടിവന്നു. പിന്നീട് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിക്കുകയായിരുന്നു. 'ഇനി കേരളത്തിലേക്ക് വരില്ല' എന്ന് യുവതി വിഡിയോ സന്ദേശത്തില്‍ വേദനയോടെ പറഞ്ഞു.

Post a Comment

Previous Post Next Post