പിടിച്ചെടുക്കുന്നവ പരസ്യമായി റോഡ് റോളര്‍ കയറ്റി തകര്‍ക്കും; ഇന്നു മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന


തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളിലെ എയർഹോണ്‍ കണ്ടെത്താൻ ഇന്നു മുതല്‍ പ്രത്യേക പരിശോധന. ഇന്നു മുതല്‍ ഈ മാസം 19 വരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന.അനുമതിയില്ലാതെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എയർഹോണുകള്‍ കണ്ടെത്തി നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളർ കയറ്റി തകർക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.
പിടിച്ചെടുത്ത് നശിപ്പിക്കുന്ന എയർഹോണുകളുടെ കണക്കുകളും ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്ക് നല്‍കണം. എല്ലാ ദിവസവും ജില്ലാതല കണക്കുകള്‍ ശേഖരിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ രണ്ടുദിവസം അവധിയായിരുന്നതിനാല്‍ എയർഹോണ്‍ പരിശോധനയുടെ ഉത്തരവ് ഇറങ്ങിയിരുന്നില്ല. പകരം ഉത്തരവാദിത്തപ്പെട്ട മോട്ടാർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്കാണ് ഉന്നതോദ്യോഗസ്ഥരുടെ വാട്‌സാപ്പ് സന്ദശം എത്തുകയായിരുന്നു.

Post a Comment

Previous Post Next Post