വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കും; ഓണം ബംബറിൻ്റെ അരക്കോടിയുടെ സമ്മാനം കോട്ടയത്തെ കുടുംബശ്രീ അംഗങ്ങള്‍ക്ക്

കോട്ടയം:  കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്ബർ മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ കുടുംബശ്രീ അംഗങ്ങള്‍ക്ക്.പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കല്‍ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേല്‍ രമ്യാ അനൂപ്, കോട്ടൂക്കുന്നേല്‍ ഉഷാ മോഹനൻ, ഓലിക്കല്‍ സാലി സാബു, കുമ്ബളന്താനത്തില്‍ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടിഎച്ച്‌ 668650 എന്ന ടിക്കറ്റിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്.
പൂഞ്ഞാർ സ്വദേശി മനോജിന്റെ പക്കല്‍നിന്നാണ് ഇവർ ടിക്കറ്റെടുത്തത്. ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് പൂഞ്ഞാർ ശാഖയില്‍ ഏല്‍പ്പിച്ചു. അഞ്ചുപേരും 100 രൂപവീതം ഇട്ടാണ് ടിക്കറ്റെടുത്തത്. ഭാഗ്യശാലികളില്‍ സൗമ്യ, രമ്യ, ഉഷ, സാലി എന്നിവർക്ക് പിഎംഎവൈ പദ്ധതിപ്രകാരം വീട് അനുവദിച്ചതായിരുന്നു. സൗമ്യയുടെയും രമ്യയുടെയും വീടുനിർമാണം നടന്നുവരുകയാണ്.
പദ്ധതിയിലുള്‍പ്പെട്ടെങ്കിലും ഉഷ, സാലി എന്നിവർക്ക് വീടുനിർമാണത്തിന് അനുയോജ്യമായ സ്ഥലം ലഭിച്ചിട്ടില്ല. ഉഷാ സാബുവിന് സ്വന്തം ഭൂമിയില്‍ വാഹനം എത്താത്തതിനാല്‍ വീട് നിർമിക്കാൻ സാധിക്കാത്ത വിഷമത്തിലുമായിരുന്നു. ഇനി ഇവർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കാനാകും.

Post a Comment

Previous Post Next Post