ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താൻ ഇനി കൂടുതൽ പണം നൽകേണ്ടി വരും. ആധാറിലെ പേര്, ജനന തീയതി, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം, ഇമെയിൽ എന്നിവ പുതുക്കാനും തിരുത്താനുമാണ് ചെലവ് കൂടുക.
രണ്ടുഘട്ടങ്ങളിലായാണ് വർധനവ്. 50 രൂപയുള്ള സേവനങ്ങളുടെ നിരക്ക് ആദ്യ ഘട്ടത്തിൽ 75 ആയും 100 രൂപയുള്ളത് 125 ആയും കൂട്ടും. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബർ 30 വരെ തുടരും.
ശേഷം രണ്ടാം ഘട്ടത്തിൽ 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയും ഉയർത്തും. 2028 ഒക്ടോബർ ഒന്ന് മുതൽ 2031 സെപ്റ്റംബർ 30 വരെയാണ് രണ്ടാം ഘട്ട നിരക്കിന്റെ കാലാവധി.
അതേസമയം ആധാർ പുതുതായി എടുക്കുന്നതിന് പണം നൽകേണ്ട. അഞ്ച് മുതൽ ഏഴ് വയസ്സ് വരെയും 15 മുതൽ 17 വയസ്സ് വരെയുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്.
ഇതിനുള്ള തുക അതോറിറ്റി നേരിട്ട് സേവന കേന്ദ്രങ്ങൾക്ക് നൽകും. ഏഴ് വയസ്സ് മുതൽ 15 വയസ്സ് വരെയും 17 വയസ്സ് മുതൽ മുകളിലേക്കുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലിന് പണം നൽകണം.
ഇതിൻ്റെ നിരക്ക് 100-ൽ നിന്ന് 125 ആയി ആദ്യ ഘട്ടത്തിലും 150 ആയി രണ്ടാം ഘട്ടത്തിലും ഉയർത്തിയിട്ടുണ്ട്. ആധാർ അതോറിറ്റി പോർട്ടൽ വഴി പൊതുജനങ്ങൾ നേരിട്ട് തേടുന്ന സേവനങ്ങളുടെ നിരക്ക് 50-ൽ നിന്ന് 75 ആക്കിയിട്ടുണ്ട്. സേവന കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നൽകുന്ന തുകയിലും വർധനയുണ്ട്.
Post a Comment