ഗ്യാസ് കമ്ബനിയുമായി പൊരുത്തക്കേടുകളുണ്ടോ? എല്‍പിജി കണക്‌ഷനും പോര്‍ട്ടുചെയ്യാം

മൊബൈല്‍ നമ്ബർ പോർട്ടുചെയ്യുന്നതിന് സമാനമായി ഇനി എല്‍പിജിക്കും പോർട്ടബിലിറ്റി സംവിധാനവും വരുന്നു.ഗ്യാസ് കണക്‌ഷനുമായി ബന്ധപ്പെട്ട സേവനകാര്യങ്ങളില്‍ കമ്ബനിയുടെ കാര്യത്തില്‍ തൃപ്തിയില്ലെങ്കില്‍ പുതിയ കമ്ബനി തിരഞ്ഞെടുക്കാം. കണക്‌ഷൻ മാറ്റാതെതന്നെ ഇഷ്ടമുള്ള കമ്ബനി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഇതിന്റെ ചട്ടക്കൂടിനായി ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങള്‍ ക്ഷണിച്ചു. ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങള്‍ സമർപ്പിക്കണം. ഇത് ലഭിച്ചാല്‍ എല്‍‌പിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കും.

2013 ഒക്ടോബറില്‍ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി 24 ജില്ലകളിലായി പരീക്ഷണാർഥം എല്‍പിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. ഇതനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് വിതരണക്കാരെമാത്രമേ മാറ്റാനാകുമായിരുന്നുള്ളൂ. 2014 ജനുവരിയില്‍ 480 ജില്ലകളില്‍ ഇത് നടപ്പാക്കി. ഇന്ത്യൻ ഓയില്‍ കോർപ്പറേഷനില്‍നിന്ന് ഇൻഡെൻ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് അതിന്റെ വിതരണക്കാരില്‍ ആരെവേണമെങ്കിലും തിരഞ്ഞെടുക്കാം. പക്ഷേ, ഭാരത് പെട്രോളിയത്തിന്റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എച്ച്‌പി ഗ്യാസിലേക്കോ മാറാൻ കഴിഞ്ഞിരുന്നില്ല. ഈ വ്യവസ്ഥ മാറ്റിയാണ് പുതിയ സംവിധാനം വരുന്നത്.

2025 സാമ്ബത്തികവർഷത്തിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 32 കോടിയിലധികം ഗ്യാസ് കണക്‌ഷനുണ്ട്. ഇതില്‍ 17 ലക്ഷത്തിലധികം ഉപഭോക്തൃ പരാതികളാണ് സേവനവുമായി ബന്ധപ്പെട്ടുള്ളത്. കണക്‌ഷനെടുത്ത കമ്ബനിയുടെ വിതരണക്കാർക്ക് സേവനങ്ങള്‍ കൃത്യമായി നല്‍കാൻ സാധിക്കാതെ വരുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് മറ്റുമാർഗങ്ങള്‍ തേടാൻ നിലവില്‍ പരിമിതികളുണ്ട്. ഇതിനും പുതിയ സംവിധാനംവഴി പരിഹാരമാകും.

പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ കമ്ബനി തിരിച്ചുള്ള ഉപഭോക്താക്കളുടെ വിവരം

* ഇൻഡെൻ ഗ്യാസ് - 15 കോടി ഉപഭോക്താക്കള്‍ (50 ശതമാനം)

* ഭാരത് ഗ്യാസ് - 8 കോടി ഉപഭോക്താക്കള്‍ (25 ശതമാനം)

* എച്ച്‌പി ഗ്യാസ് - ഉപഭോക്താക്കളുടെ എണ്ണം കൃത്യമല്ല. ഏകദേശം 20 ശതമാനം

ഗ്യാസ് സിലിൻഡറിന് ഒരേ വിലയാണെങ്കില്‍, ഇഷ്ടമുള്ള ഗ്യാസ് കമ്ബനി തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകണം -പിഎൻജിആർബി.


Post a Comment

Previous Post Next Post