ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും അപ്രതീക്ഷിതമായി പുക ഉയര്‍ന്നു; വാഹനത്തില്‍ നിന്ന് ചാടി രക്ഷപെട്ട് ജീവനക്കാര്‍, യാത്രക്കാര്‍ സുരക്ഷിതര്‍


പാലക്കാട്: പാലക്കാട് കോട്ടോപാടത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും അപ്രതീക്ഷിതമായി പുക ഉയർന്നു. എസ് എസ് ബ്രദേഴ്സ് എന്ന ബസില്‍ നിന്നായിരുന്നു വലിയ തോതില്‍ പുക ഉയർന്നത്.മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന ബസ് അരിയൂരിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. പരിഭ്രാന്തരായ യാത്രക്കാരെ എല്ലാവരെയും ബസില്‍ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നാലെ ബസ് ജീവനക്കരും വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപെട്ടു.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ പുറക് വശത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് ബസ് ജീവനക്കാരെ വിവരം അറിയിച്ചത്. തൊട്ടടുത്ത നിമിഷം തന്നെ ബസ് നിർത്തുകയും എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബസ് ജീവനക്കാരും പുറത്തേക്ക് ചാടി രക്ഷപെട്ടു. പത്ത് മിനിറ്റ് നേരം ബസില്‍ നിന്ന് പുക ഉയർന്നു. എന്താണ് പുക ഉയരാനുള്ള കാരണം എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല.

Post a Comment

Previous Post Next Post