കുഴഞ്ഞുവീണ് മരിക്കുന്ന ചെറുപ്പക്കാര്‍; ആരോഗ്യമുള്ളവരിലും ഹൃദയാഘാതം? അറിയണം ഈ കാര്യങ്ങള്‍


നിയമസഭയിലെ ഓണാഘോഷങ്ങള്‍ക്കിടെ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് ഡെപ്യൂട്ടി ലൈബ്രേറിയൻ ജുനൈസ് (46) കുഴഞ്ഞുവീണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. അതിന്റെ തലേദിവസമാണ് ചെന്നൈ സവിത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറും കാർഡിയാക് സർജനും ആയിരുന്ന ഡോ. ഗ്രാഡ്ലിൻ റോയ്, രാവിലെ ആശുപത്രി റൗണ്ടിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇടത് രക്തധമനിയില്‍ ഉണ്ടായിരുന്ന ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിന് കാരണമായതെന്ന് വിവരം.
സംഭവം ആശുപത്രിക്കുള്ളിലാണ് നടന്നതെന്നതും ഇരയായത് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായിരുന്നുവെന്നതുമാണ് വിഷയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. യഥാർഥത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ല. ഇന്ത്യയിലുടനീളം ആരാധകരുള്ള പ്രശസ്ത ഹാസ്യനടനും അവതാരകനുമായ രാജു ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ജിമ്മില്‍ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. ഉടൻ തന്നെ അദ്ദേഹം ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നാല്‍, ദീർഘകാല ആശുപത്രിവാസത്തിന് ശേഷം അദ്ദേഹത്തിന് ജീവിതത്തോട് വിടപറയേണ്ടി വന്നു.
കന്നട സിനിമാരംഗത്തിലെ സൂപ്പർതാരമായിരുന്ന പുനീത് രാജ്കുമാറിനും സമാനമായ വിധിയായിരുന്നു. ജിമ്മില്‍ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ആ സമയം പ്രായം വെറും 46. പ്രശസ്ത ഗായകനായ കൃഷ്ണകുമാർ കുന്നാട്ട് അഥവാ കെ കെ, ഹൃദയസ്തംഭനം മൂലം കൊല്‍ക്കത്തയില്‍ പൊതുവേദിയില്‍ ഗാനാലാപനത്തിനിടെ വിടവാങ്ങി.മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കു ആഞ്ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്ന സംഭവം ഇതോടൊപ്പം ഓർക്കാവുന്നതാണ്.

Post a Comment

Previous Post Next Post