വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ച ഒരു ഉത്തരക്കടലാസാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.തലശ്ശേരിയിലെ ഒ ചന്തുമേനോൻ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഉത്തരത്തിനൊപ്പം കുട്ടി എഴുതിയ ഒരു വരിയാണ് നെറ്റിസണ്‍മാരുടെ ഹൃദയം കീഴടക്കുന്നത്.
'നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കൂ' എന്നായിരുന്നും ചോദ്യം. വിദ്യാർത്ഥി തിരഞ്ഞെടുത്തത് സ്പൂണും നാരങ്ങയുടെയുമാണ്. നിയമാവലികള്‍ കൃത്യമായി എഴുതിയ ശേഷം അവസാനമായി, 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നൊരു നിയമവും വിദ്യാർത്ഥി തന്റെ ഉത്തരത്തിനൊപ്പം എഴുതി.തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്കൂള്‍ വിദ്യാർത്ഥിയായ അഹാൻ അനൂപ് ആണ് ചോദ്യപ്പേപ്പറില്‍ ഇങ്ങനെയൊരു ഉത്തരം എഴുതിയത്. 'ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍...' എന്നു കുറിച്ചുകൊണ്ടാണ് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചത്.
നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് മന്ത്രിയുടെ പോസ്റ്റില്‍ നിറയുന്നത്.
Post a Comment