'മാഡം, ആ 20 രൂപ തന്നാല്‍ പോവാമായിരുന്നു'; നില്‍പ്പനടി, മാറ്റിയൊഴിക്കല്‍; വിറ്റപാടെ കുപ്പികള്‍ തിരിച്ചെത്തി


കണ്ണൂർ: ബുധനാഴ്ച വൈകുന്നേരം 5.30. പാറക്കണ്ടിയിലെ ബെവറജസ് കോർപ്പറേഷൻ മദ്യവില്പനശാലയുടെ കൗണ്ടറില്‍നിന്ന് ക്വാർട്ടറിന്റെ (180 മില്ലി ലിറ്റർ) കുപ്പി വാങ്ങി പുറത്തേക്കുള്ള വഴിയില്‍നിന്ന് തിരിഞ്ഞുനിന്ന് ദാസൻ (പേര് യഥാർഥമല്ല) വരിനില്‍ക്കുന്നവരെയും ജീവനക്കാരെയും ഒന്നുനോക്കി.

പിന്നെ കളി എന്നോടോ എന്ന ഭാവത്തില്‍ അരയില്‍ നിന്നൊരു കാലിക്കുപ്പിയെടുത്ത് മദ്യക്കുപ്പി പൊട്ടിച്ച്‌ തുള്ളിതൂവാതെ അതിലേക്കൊഴിച്ചു. ഇടയ്ക്കൊരു കവിള്‍ പച്ചയ്ക്കുതന്നെ വീശി. പിന്നെ വീണ്ടും കൗണ്ടറിലേക്ക് കാലിയായ കുപ്പി മേശമേല്‍ വെച്ച്‌ ജീവനക്കാരിയെ വിളിച്ചു. മാഡം... ആ ഇരുപത് തന്നാല്‍ പോവാമായിരുന്നു. ആള് പിടിവിടുമെന്നുതോന്നിയതിനാല്‍ ജീവനക്കാരി പെട്ടെന്നുതന്നെ ഓടിവന്ന് കുപ്പി പരിശോധിച്ച്‌ 20 രൂപയുടെ നാണയം കൊടുത്തു. തോല്‍പ്പിക്കാനാവില്ല മക്കളേ എന്ന ഭാവത്തില്‍ സർക്കാറിനെ നാല് തെറിവിളിച്ച്‌ ദാസൻ താഴേക്കിറങ്ങി.ബെവറജസ് കോർപ്പറേഷൻ മദ്യവില്പനശാലകളില്‍ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികവില ഈടാക്കിയ ദിവസം ജില്ലയില്‍ കണ്ട കൗതുകക്കാഴ്ചകളിലൊന്നുമാത്രമാണിത്.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അളവ് വ്യത്യാസമില്ലാതെ 20 രൂപയാണ് കൂട്ടിയത്. സി ഡിറ്റ് തയ്യാറാക്കിയ ലേബല്‍ കുപ്പികളില്‍ പതിക്കും. ബില്ലിനൊപ്പം 20 രൂപയുടെ സ്ലിപ്പ് നല്‍കും. അടിച്ചശേഷം ലേബല്‍ പോവാതെ കുപ്പി അതേ ഷോപ്പില്‍ തിരിച്ചുനല്‍കിയാല്‍ 20 രൂപ തിരിച്ചുകിട്ടും. കണ്ണൂരിലെയും തിരുവനന്തപുരത്തെയും 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. രാവിലെ ആശയക്കുഴപ്പം തീരാതെയാണ് ഷോപ്പുകളില്‍ ജീവനക്കാരെത്തിയത്.

Post a Comment

Previous Post Next Post