വീണ്ടും അനാസ്ഥ; കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി


കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി.ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം മറ്റൊരു അനാസ്ഥകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന്.
ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ അടിമുടി പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്ബികള്‍ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല.ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂർ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. സെല്‍മുറിയില്‍ കണ്ട ഡമ്മി ഗോവിന്ദച്ചാമി ആണെന്ന് തെറ്റിദ്ധരിച്ചത് പോലും വലിയ വീഴ്ചയാണെന്നും ഡിഐജി റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് ജീവനക്കാരെ ഇതിനകം സസ്പെൻഡ് ചെയ്തിരുന്നു.എന്നാല്‍ ഇവരെ നിയന്ത്രിക്കേണ്ട അസിസ്റ്റൻറ് ജയില്‍ സൂപ്രണ്ടിനടക്കം നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചു എന്ന ആക്ഷേപത്തെ ഉത്തര മേഖല ജയില്‍ ഡിഐജി വി.ജയകുമാർ പൂർണമായും തള്ളിയിരുന്നു. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ കോമ്ബൗണ്ടില്‍ കഴിയേണ്ടി വന്നത്. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Post a Comment

Previous Post Next Post