നെഹ്റു ട്രോഫി വളംകളി: ജേതാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടൻ ജേതാവായി. പുന്നമടക്കായലില്‍ നടന്ന മത്സരത്തില്‍ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം ഒന്നാം സ്ഥാനം നേടിയത്.വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടൻ വള്ളം തുഴഞ്ഞത്. നടുഭാഗം ചുണ്ടൻ പുന്നമട ബോട്ട് ക്ലബ്ബും തുഴഞ്ഞു.

ഇത്തവണത്തെ വാശിയേറിയ പോരാട്ടത്തില്‍ നിരവധി ചുണ്ടൻ വള്ളങ്ങള്‍ മാറ്റുരച്ചു. 21 ചുണ്ടൻ വള്ളങ്ങള്‍ ഉള്‍പ്പെടെ 75 വള്ളങ്ങളാണ് പങ്കെടുത്തത്.

ആറ് ഹീറ്റ്സുകളായിട്ടാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങള്‍ നടന്നത്. ആദ്യ നാല് ഹീറ്റ്സുകളില്‍ നാല് വള്ളങ്ങള്‍ വീതവും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളും ആറാമത്തേതില്‍ രണ്ട് വള്ളങ്ങളുമാണ് മത്സരിച്ചത്.

ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിയാണ് വീയപുരം ഫൈനലില്‍ പ്രവേശിച്ചത്. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തി മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറി. നാലാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ പായിപ്പാടൻ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്‌സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം ജേതാക്കളായത്. ഫൈനലിലെത്തിയ ചുണ്ടൻവള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത സമയം: നടുഭാഗം- 4.20.904, മേല്‍പ്പാടം- 4.22.123, വീയപുരം- 4.21.810, നിരണം- 4.21.269. ഫൈനലില്‍ മേല്‍പ്പാടം ട്രാക്ക് ഒന്നിലും നിരണം രണ്ടാം ട്രാക്കിലും നടുഭാഗം മൂന്നാം ട്രാക്കിലും വീയപുരം നാലാം ട്രാക്കിലുമാണ് മത്സരിച്ചത്.

ഫൈനലില്‍ എത്തിയ നടുഭാഗം ചുണ്ടനില്‍ ഇതര സംസ്ഥാന തുഴക്കാർ കൂടുതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നല്‍കി. ഫല പ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാൻ വെർച്വല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു ഇത്തവണ.

Post a Comment

Previous Post Next Post