മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയ്ക്കായി കെഎസ്‌ആർടിസി ഒരു പ്രത്യേക ബസ് ഒരുക്കി.തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ആദരാഞ്ജലികള്‍ അർപ്പിക്കാനും സൗകര്യമൊരുക്കുന്ന വിധത്തിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്.
സാധാരണ കെഎസ്‌ആർടിസി ബസുകളില്‍ നിന്ന് വ്യത്യസ്തമായി, ഗ്ലാസ് പാർട്ടീഷനോട് കൂടിയ ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസിന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തത്.
വി.എസിന്റെ ചിത്രങ്ങള്‍ പതിച്ച് പുഷ്പങ്ങളാല്‍ മനോഹരമായി അലങ്കരിച്ചാണ് വാഹനം ഒരുക്കിയിട്ടുള്ളത്. ബസിലെ കുറച്ച് സീറ്റുകള്‍ മാറ്റി, ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. കൂടാതെ, ജനറേറ്റർ, ഫ്രീസർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഈ ബസിലുണ്ട്.ആലപ്പുഴയിലേക്കുള്ള ഈ വിലാപയാത്രയില്‍ കെഎസ്‌ആർടിസി ബസിന്റെ സാരഥികളായി തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ ടി.പി. പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ. ശിവകുമാറും സേവനമനുഷ്ഠിക്കും.
പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച്. നവാസും, പേരൂർക്കട ഡിപ്പോയിലെ വി. ശ്രീജേഷുമാണ്.
Post a Comment