ശക്തമായ മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് ചതിച്ചേക്കാം.. ഗൂഗിള്‍ മാപ്പ് നേക്കി പോകുന്നവര്‍ അപകടത്തില്‍ ചെന്നുചാടുന്നത് ആവര്‍ത്തിക്കുന്നു

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച്‌ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ യാത്രയില്‍ കരുതല്‍ ഉണ്ടാകേണ്ടത് അത്യാവശ്യംഇന്ന് രാവിലെ കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നേക്കി ഓടിച്ചകാര്‍തോട്ടില്‍ വീണിരുന്നു. നാട്ടുകാര്‍ ചേര്‍ന്നു കാര്‍ യാത്രികരായ ദമ്ബതികളെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പും കുറുപ്പന്തറയില്‍ സാമാന അപകടം ഉണ്ടായി. അന്ന് ഭാഗ്യം കൊണ്ടാണ് നാലു പേര്‍ രക്ഷപെട്ടത്. എന്നാല്‍, കൈപ്പുഴമുട്ടില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
ഗൂഗിള്‍ മാപ്പിനെ മഴക്കാലത്ത് പൂര്‍ണാമയും വിശ്വസിക്കരുതെന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നതായ വാര്‍ത്തകള്‍. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്.
മുന്‍പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്.
എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.
വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്നില്ല.
തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം.
എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല. അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്‌നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സിഗ്‌നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം..

Post a Comment

Previous Post Next Post