കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോള്‍ കണ്ണൂർ ജില്ലയില്‍ 19,81,739 വോട്ടർമാർ.സ്ത്രീകള്‍-10,66,319 പുരുഷൻമാർ-9,15,410 ട്രാൻസ്ജെൻഡർ-10 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണുള്ളത്. 1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും. 2024ല്‍ സമ്മറി റിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് ഏഴ് വരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഹീയറിംഗിനുള്ള കമ്ബ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിൻ്റൗട്ടില്‍ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്‌ടറല്‍ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓണ്‍ലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കണ്ണൂരില്‍ 19,81,739 വോട്ടര്‍മാര്‍
Alakode News
0
Post a Comment