ആലക്കോട് ടൗണില്‍ തെരുവുനായ വിളയാട്ടം

ആലക്കോട്: ആലക്കോട് ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായകള്‍ വർധിക്കുന്നത് സ്കൂ‌ള്‍ വിദ്യാർഥികള്‍ക്കും കാല്‍നട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു.വ്യാപാരികളും തൊഴിലാളികളും ടൗണില്‍ എത്തുന്നവരും പ്രദേശ വാസികളും തെരുവുനായ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.

രാത്രികാലങ്ങളില്‍ കടത്തിണ്ണകളിലാണ് തെരുവുനായകള്‍ തന്പടിക്കുന്നത്. രാത്രി വൈകി ടൗണില്‍ നിന്ന് എത്തുന്ന യാത്രക്കാർക്കു നേരേ കുരച്ചു ചാടുകയാണ്. യാത്രക്കാർ ഭാഗ്യത്താല്‍ മാത്രം കടിയേല്‍ക്കാതെ രക്ഷപ്പെടുന്നു. അക്രമകാരികളായ നായകളുടെ ശല്യം കാരണം ടൗണിലൂടെ നടക്കാൻ വിദ്യാർഥികള്‍ ഭയക്കുകയാണ്. തെരുവുനായകള്‍ക്ക് ചിലർ ടൗണില്‍ ഭക്ഷണം നല്‍കുന്നു. ഭക്ഷണം നല്‍കുന്ന സ്ഥലങ്ങളില്‍ ഒത്തു കൂടുന്ന തെരുവ് നായകള്‍ ശല്യമായി മാറുകയും പെറ്റു പെരുകി പ്രദേശത്ത് ശല്യമായി മാറുകയും ചെയ്യുന്നു.

വീടുകളില്‍ നിന്ന് പുറന്തള്ളുന്ന നായ്ക്കളെ ടൗണില്‍ ഉപേക്ഷിക്കുന്നതും തെരുവുനായ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്. വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാ‌ട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.

Post a Comment

Previous Post Next Post