അനധികൃത പാര്‍ക്കിംഗ്; ആലക്കോട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു


ആലക്കോട്: ആലക്കോട് ടൗണില്‍ വാഹനങ്ങള്‍ തോന്നിയത് പോലെ നിർത്തിയിടാൻ തുടങ്ങിയതോടെ ഗതാഗത സ്തംഭനം പതിവാകുന്നു. മലയോര ഹൈവേയും തളിപ്പറമ്ബ് കുർഗ് ടിസിബി റോഡും കൂടിച്ചേരുന്ന പ്ര‌ധാന ടൗണ്‍ ആയതിനാല്‍ ഏത് നേരവും ഇവിടെ വാഹനത്തിരക്കാണ്.ഇരുഭാഗങ്ങളിലെ നടപ്പാത കൈയേറിയും കുറുകേയും വഴിയടച്ച്‌ ചിലർ വാഹനങ്ങള്‍ നിർത്തിയിടുന്നത് കാല്‍നട യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. ഇതുമൂലം വയോധികരും സ്ത്രീകളും കുട്ടികളും അടക്കമുള്ള കാല്‍നടയാത്രക്കാർ അപകടാവസ്ഥ നേരിടുന്നുണ്ട്. സമീപകാലത്ത് നിരവധി അപകടങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ടൗണില്‍ സംഭവിച്ചിട്ടുണ്ട്.

പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകാനായി റോഡ് മുറിച്ച്‌ കടക്കാനായി പ്രായമായവർ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ചിലർ വാഹനങ്ങളിലെത്തി റോഡരികില്‍ നിർത്തിയിട്ടശേഷം ബസില്‍ ദൂരയാത്രയ്ക്കു പോകുകയും വൈകുന്നേരമെത്തി വാഹനങ്ങളുമായി മടങ്ങുകയും ചെയ്യുന്നു.

മൂന്നു സ്കൂളുകളും കോളജും പള്ളിയും മസ്ജിദും ഉള്‍പ്പെടെയുള്ള സ്ഥലത്ത് കാല്‍നടക്കാർ ഏറെയുണ്ട്. നോ പാർക്കിംഗ് ബോർഡിന്‍റെ കീഴില്‍വരെ വാഹനങ്ങള്‍ പാർക്ക് ചെയ്യുകയാണ്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് സ്വകാര്യവാഹനങ്ങളില്‍ വരുന്നവർ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങാനും കഴിയാതെ മറ്റു സ്ഥലത്തേക്ക് പോവുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.

Post a Comment

Previous Post Next Post