റഷ്യയില്‍ വൻ ഭൂചലനം; അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

ഡല്‍ഹി: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതേതുടർന്ന് അമേരിക്കയും ജപ്പാനും സുനാമി മുന്നറിയിപ്പ് നല്‍കി.അലാസ്ക, ഹവായ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുനാമി ഉണ്ടായേക്കുമെന്നാണ് അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നല്‍കിയത്. ഹവായ്, റഷ്യ എന്നിവിടങ്ങളില്‍ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്ന് യുഎസ് സുനാമി കേന്ദ്രം അറിയിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

റഷ്യയിലെ കാംചത്ക ഉപദ്വീപിനടുത്ത് ശക്തമായ ഭൂകമ്ബം ഉണ്ടായതായും സുനാമി മുന്നറിയിപ്പ് നല്‍കിയതായും ജപ്പാന്‍റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഹൊക്കൈഡോയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്ബം ഉണ്ടായതെന്നും നേരിയ തോതില്‍ മാത്രമേ ഭൂകമ്ബം അനുഭവപ്പെട്ടുള്ളൂവെന്നും ജപ്പാനിലെ എൻ‌എച്ച്‌കെ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

"ഭൂകമ്ബം ഗുരുതരവും പതിറ്റാണ്ടുകളിലെ ഭൂചലനങ്ങളില്‍ ഏറ്റവും ശക്തവുമായിരുന്നുവെന്നും കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഒരു കിന്‍റർഗാർഡന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

19.3 കിലോമീറ്റർ (12 മൈല്‍) ആഴത്തിലുള്ള ഭൂകമ്ബമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു, അവാച്ച ബേയുടെ തീരത്ത് 165,000 ജനസംഖ്യയുള്ള പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയുടെ കിഴക്ക്-തെക്കുകിഴക്കായി ഏകദേശം 125 കിലോമീറ്റർ (80 മൈല്‍) ആയാണ് ഭൂകമ്ബ പ്രഭവകേന്ദ്രം.

സുനാമി ഭീഷണിയെത്തുടർന്ന് ഉപദ്വീപിന് തെക്ക് ഭാഗത്തുള്ള സെവേറോ-കുറില്‍സ്ക് എന്ന ചെറുപട്ടണത്തില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഉത്തരവ് പ്രഖ്യാപിച്ചതായി സഖാലിൻ ഗവർണർ വലേരി ലിമറെങ്കോ ടെലിഗ്രാമില്‍ പറഞ്ഞു.

32 സെന്‍റീമീറ്റർ വരെ ഉയരമുള്ള സുനാമി തിരമാല തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്‍റെ കംചത്ക ബ്രാഞ്ച് ടെലിഗ്രാമില്‍ പറഞ്ഞു.

Post a Comment

Previous Post Next Post