കൊട്ടിയൂർ: കൊട്ടിയൂർ ബോയ്സ് ടൗണ്‍ ചുരം പാതയില്‍ വീണ്ടും മണ്ണിടിച്ചല്‍. ഇന്നലെയും ഇന്ന് രാവിലെയുമായി മണ്ണിടിച്ചല്‍ ഉണ്ടായ മേഖലയിലെ പാറകളും, മണ്ണും നീക്കം ചെയ്യല്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും മണ്ണിടിച്ചല്‍ ഉണ്ടായത്.
അപകടകരമായി വലിയ പാറകള്‍ ഇളകിവരുന്ന സാഹചര്യത്തില്‍ പാതയിലെ തടസ്സം നീക്കല്‍ പ്രവൃത്തികളും താല്‍കാലികമായി നിർത്തിവച്ചു. വലിയ പാറകള്‍ ഏതു നിമിഷവും റോഡിലേക്ക് പതിക്കാവുന്ന രീതിയില്‍ ഇളകിയിരിക്കുന്നതിനാല്‍ മണ്ണ് നീക്കല്‍ പ്രവൃത്തികളും പ്രതിസന്ധി നേരിടുകയാണ്.
കൊട്ടിയൂർ പാല്‍ചുരം റോഡില്‍ ഇന്നലെയും ഇന്നുമായി ഉണ്ടായത് വൻ മണ്ണിടിച്ചലാണ്. അപകടകരമായ മണ്ണിടിച്ചല്‍ തുടർകഥയാകുന്ന പാല്‍ചുരം പാതയില്‍ ഇന്നലെ തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടാതെ രക്ഷപെട്ടത്. വാഹനങ്ങള്‍ കടന്ന് പോയതിന് തൊട്ടുപിന്നാലെ ടണ്‍ കണക്കിന് മണ്ണും വലിയ പാറ കൂട്ടങ്ങളുമാണ് റോഡിലേക്ക് വീണത്. നിരവധി മരങ്ങള്‍ കടപുഴകി റോഡിലേക്ക് പതിച്ചിട്ടുണ്ട്. സ്ഥിരം മണ്ണിടിച്ചാല്‍ മേഖലയായ ചെകുത്താൻ തോട് പ്രദേശത്താണ് ഇത്തവണയും വലിയ തോതിലുള്ള മണ്ണിടിച്ചല്‍ ഉണ്ടായിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത്. തടസ്സങ്ങള്‍ ഭാഗികമായി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കവെ തന്നെ വീണ്ടും മണ്ണിടിച്ചാല്‍ ഉണ്ടായതിനെ തുടർന്ന് ജില്ല കലക്ടർ ഇടപെട്ട് പാല്‍ചുരം പാതയില്‍ ഗതാഗതം താല്‍കാലികമായി നിരോധിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഗതാഗത നിരോധനം. തിങ്കളാഴ്ച രാവിലെ ഇതേ സ്ഥലത്ത് വീണ്ടും വലിയതോതില്‍ മണ്ണിടിച്ചല്‍ ഉണ്ടായിരുന്നു. ഗതാഗതം എപ്പോള്‍ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നുള്ളതാണ് നിലവിലെ അവസ്ഥ. ഏതാനും ആഴ്ചകള്‍ക്ക് മുൻപ് ഇതേ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത്തവണയും തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചാലും മുൻകാലങ്ങളിലേതു പോലെത്തന്നെ ഇവിടെ മണ്ണിടിച്ചല്‍ വീണ്ടും ഉണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെ ഭയപ്പെടാതെ അമ്ബായത്തോടില്‍ നിന്നും വയനാട് തലപ്പുഴയില്‍ എത്താനുള്ള ചുരം രഹിത പാതയ്ക്കുള്ള മുറവിളി തുടരുമ്ബോഴും മുടന്തു ന്യായങ്ങളും ചുവപ്പ് നാടകളിലെ ഊരാക്കുരുക്കുകളുടെ കഥകളും പറഞ്ഞ് അപകടകരമായ പാല്‍ചുരം ചുരം പാതയിലേക്ക് തന്നെ കോടികള്‍ വലിച്ചെറിയുകയാണ് സർക്കാർ.
Post a Comment